വ്യാഴാഴ്‌ച, ഏപ്രിൽ 09, 2015

സഞ്ചി

ഈ ഒറ്റപ്പെട്ട നിമിഷങ്ങളില്‍ 
നിന്റെ സുന്ദരമായ ശബ്ദം , ഒരു വട്ടം എന്നെ തേടിയെത്തിയെങ്കില്‍
എന്ന് ഒത്തിരി ആഗ്രഹമുണ്ട്.
ഞാനെന്താ ചെയ്യാ..... നിന്നെ വിളിക്കാന്‍ എന്റെ പക്കല്‍ ഇനി നമ്പരുകള്‍ ഇല്ല....
മനസ്സ് കൊണ്ട്, ഞാന്‍ നിന്റടുത്താണ്, പക്ഷെ,  നീയൊന്നു മിണ്ടുന്ന പോലുമില്ലല്ലോ?
എനിക്കറിയാം എന്നെ നീ ഒത്തിരിയൊത്തിരി സ്നേഹിക്കുന്നുണ്ടെന്ന്....
ആ ഹൃദയത്തിന്റെ മന്ത്രണവും , മനസ്സിന്റെ വിങ്ങലും എനിക്ക് കേള്‍ക്കാം....
എനിക്ക് വേവലാതിയാണ്, ഉച്ചഭക്ഷണം നീ കഴിച്ചു കാണില്ല.....
അതെങ്ങനാ..... ഞാന്‍ അടുത്തുള്ളപ്പോള്‍  വാരിതന്നാല്‍ മാത്രല്ലേ കഴിക്കൂ...
 ഇന്ന് വെയില് കൊണ്ട് ക്ഷീണിച്ചോ?!,
ഒത്തിരി നടന്നു മടുത്തിനുണ്ടാവും....
തളര്‍ന്നു നീയെത്തുമ്പോള്‍ ചായുറക്കാന്‍ എന്റെ ഇടനെഞ്ചിന്റെ ചൂട്, നിനക്ക് വേണ്ടി മാത്രം മിഴി നട്ടിരിക്കുന്നു .......
ജ്വരമാണെനിക്ക്, നീയെനിക്ക് നല്‍കുന്ന പ്രണയത്തോടുള്ള ജ്വരം...
ഞാന്‍ ആരാണെന്നു വരെ മറന്ന്‍ പോകുന്നു....
ഇവിടെ എല്ലാം പ്രണയ നിബിഡമാണ്.....
എനിക്ക് ചുറ്റും നൃത്തം ചെയ്യുന്നത്, നാം ഒരുമിച്ചുള്ളപ്പോള്‍
ചിലവഴിക്കാന്‍ പോകുന്ന സുന്ദര സ്വപ്‌നങ്ങള്‍ മാത്രമാണ്...
ഇതിനിടയില്‍ നിന്നോടുള്ള സ്നേഹപാരവശ്യത്തില്‍ ,
നിന്റെ മുല ഞെട്ടുകളില്‍ ഒന്ന് ഞാന്‍ കടിച്ചു പൊട്ടിച്ചിരുന്നു...
അത് നിന്നെ വേദനിപ്പിച്ചെന്നു ഞാന്‍ കരുതുന്നില്ല....
എനിക്കായ് നീ കാത്ത് വച്ച പ്രണയ സ്തന്യം എന്റെ നാവിലേക്ക്
അനുസ്യൂതമായ്  ഒഴുകിയത്, ഞാന്‍ അത് കടിച്ചു പൊട്ടിക്കാന്‍ കാത്തിരുന്ന പോലെയായിരുന്നല്ലോ...?
നീയറിയുന്നുണ്ടോ ,
നീയും ഞാനും ഇപ്പൊ പ്രഭാതങ്ങള്‍ മാത്രമുള്ള ഒരു നാട്ടിലാണ്,
ഇവിടെ നമുക്ക് ചുറ്റും വെളുത്ത മണലാണ്‌ ....
ഒരു വലിയ പായ് വിരിച്ചത് പോലെ.... അത് വിശാലമായ് പരന്നു കിടക്കുകയാണ്.....
മഞ്ഞു പൊഴിയുന്നുണ്ട്...... സൂര്യന്‍ നേര്‍ത്ത കിരണങ്ങള്‍ കൊണ്ട് നിന്റെ തുടുത്ത അധരങ്ങളെ വീണ്ടും ചുവപ്പിക്കുന്നുണ്ട്.........
എനിക്ക് ആ നേര്‍ത്ത കിരണങ്ങളോട് അസൂയ തോന്നുന്നു....
എനിക്ക് മാത്രം അവകാശപ്പെട്ട, ആ അധരത്തില്‍ , ആരും വിരുന്നെത്തണ്ട...
ഞാന്‍ എന്റെ ചുണ്ടുകള്‍ കൊണ്ട് മൂടി വച്ചു....
നാം നടന്ന വഴികളിലേക്ക് എന്റെ കണ്ണൊന്നു പാളിപ്പോയി...
പ്രണയമേ...........
നമ്മളറിയാതെ നമ്മുടെ കാല്‍പ്പാടുകളില്‍ നിന്ന് രക്തം പൊടിയുന്നുണ്ടായിരുന്നോ?
അതാ നോക്ക്... നമ്മുടെ കാല്‍പാടുകളില്‍ കറുത്ത രക്തം കട്ട പിടിച്ചു കിടക്കുന്നു..
സമയത്തിന്റെ രൂക്ഷഗന്ധമുണ്ടതിന്...  ഊർജ്ജസ്വലതയുടെ പശ പശപ്പും ....
എന്റെ ഉദരം വേദനാ ജനകമാകുന്നു.....
നീ കൂടെയുണ്ട് എന്നുള്ളതാണ് എന്റെ ആശ്വാസം.....
നമുക്ക്  ഈ മണല്‍ക്കാട് കടക്കേണ്ടതുണ്ട്.....
അല്ലെങ്കില്‍ ഈ വെളുത്ത വിഷമണല്‍
നമ്മുടെ രക്തം ഊറ്റിക്കുടിച്ചു വീണ്ടും ശോണിതാര്‍ദ്രമാകും ...
വരൂ നമ്മുടെ നടപ്പിന് , ഓട്ടത്തിനേക്കാൾ ശക്തി കൊടുക്കാം...
നിന്റെ ശരീരം ഞാനെടുക്കാം....
എവിടെ.....?!!!
എന്റെ തൊലിവെളുപ്പും, പണവും, ജോലിയും, കുടുംബ മഹിമയും, അടങ്ങിയ ആ സഞ്ചിയെവിടെ??!
അതുണ്ടെങ്കിലാണല്ലോ... അതുണ്ടെങ്കിൽ മാത്രമാണല്ലോ... നീയെന്നെ സ്വീകരിക്കൂ?!!

ഇരുട്ട്

പകലൊരു നേരം
കണ്ണുകൾ പൂട്ടി
ലോകം മൊത്തം
ഇരുട്ട് പരത്തി

വ്യാഴാഴ്‌ച, ഡിസംബർ 29, 2011

ചാവേര്‍ ചിത

പൂമിഴിയടഞ്ഞിട്ടുമെന്തേ, സഖീ
നിന്നകക്കണ്ണിലെരിയുന്നു നിഴല്‍ രൂപങ്ങള്‍ ....
ഉണ്ടായിരുന്നു ഞാനിത്ര നാളും,
നിന്‍ ചാരത്ത് കാണാത്ത കുളിര്‍കാറ്റു പോല്‍ .......
നോക്കിയില്ലെന്നാലുമെന്നുമെന്നും,
കാണാതെ പോയി നിന്‍ നെരിപ്പോടുകള്‍ .....
അറിഞ്ഞു ഞാനിന്നാ തെറിച്ചുവീണ
കനല്‍ ചീളില്‍ നിന്നുമൊരു കണ്ണീര്‍ക്കുടം........
തിളച്ചാവിയാകുന്ന നേര്‍ക്കാഴ്ചകള്‍
കഴിഞ്ഞ കാലത്തിന്റെ തേര്‍വാഴ്ച്ചകള്‍ ....
തട്ടിത്തകര്‍ത്തിടാം വൈകിയാലും
വെറി പിടിച്ചുയരുന്ന ചാവേര്‍ച്ചിത ..
വിത്തുകള്‍ പാകിടാം ഇന്നിലത്തില്‍
മധുസത്ത നല്‍കുന്ന പൂക്കുംവിടപി തന്‍ ...
നിന്ചാരെയിപ്പോഴും ഞാനുണ്ട്
കൂട്ടിനായായിരമായിരം കിനാവുകളും...

ചൊവ്വാഴ്ച, ഡിസംബർ 27, 2011

ഉത്തുംഗശൃംഗം

കടല്‍ക്കരയിലെ, നഗ്നയാം
ശിലാ ശില്പത്തിന്നരികിലായ് അയാളിരുന്നു...
ആളൊരു ചുള്ളന്‍ , കോമള വദനന്‍ ......
മുടി പിന്നോട്ട് ചീകിയ മാന്യന്‍ ...
ജനക്കൂട്ടം നീങ്ങിയാ തീരം ശാന്തമാകുന്നേരം
കാത്തിരുന്നയാള്‍ മയങ്ങി...
ഒരു രാത്രിമാഞ്ഞൊരു പുലരി പിറന്നപ്പോള്‍ ,
ശിലാ കന്യക തന്‍ കണ്ണില്‍ കണ്ണീര്‍ .......
നഗ്നയാമവളെയാരാത്രിയിലാമാന്യന്‍
കാമാര്‍ത്തനായ് പുല്കിയത്രേ....
അരക്കെട്ടുറുംബരിക്കുന്നതറിയാതെയൊരു
ജഡം ചിരിതൂകിയരികില്‍ക്കിടപ്പൂ...

തിങ്കളാഴ്‌ച, ഡിസംബർ 26, 2011

നിഴലുകള്‍

രണ്ടു നിഴലുകള്‍ ചുമരിനോട്  ചേര്‍ന്ന് കെട്ടിപ്പുണര്‍ന്നു നിന്നു ..
ഒരു നിഴല്‍ മന്ത്രിച്ചു...... : നിന്നെ എനിക്കൊത്തിരി ഇഷ്ടം..
മറ്റേ നിഴല്‍ : നീ സുന്ദരിയാണ് ....
മറഞ്ഞിരുന്ന പ്രകാശം അത് കേട്ട് അങ്ങോട്ട്‌ നോക്കി ആത്മഗതം പറഞ്ഞു...
ഇവിടെയെങ്ങും ഒന്നും കാണുന്നില്ലല്ലോ ?!!

വ്യാഴാഴ്‌ച, ഡിസംബർ 22, 2011

കൊലുസ് മണി.....


എന്തിനായിരിക്കാം പോറി മങ്ങിയ കണ്ണടയും വച്ച്, നരച്ച താടിയും തടവി അയ്യാള്‍ ആ വഴിയിലേക്ക് തന്നെ നോക്കിയിരിക്കുന്നത്?!!....
ആ കണ്ണുകളില്‍ ഇപ്പോഴും പ്രതീക്ഷയുടെ തിളക്കമുണ്ട്... കാത്തിരിപ്പിന്റെ ക്ഷീണമുണ്ട്, ആശാഭംഗത്തിന്റെ അസഹ്യതയുണ്ട്, നേര്‍ത്ത നൂലില്‍ കോര്‍ത്ത വിരഹമുണ്ട്............

ഇടവിട്ട്‌ ചിമ്മുന്ന ആ മിഴികള്‍ എന്നോട് കഥ പറയുന്ന പോലെ തോന്നി :
ഒരു പ്രഭാതസവാരിയില്‍ ആയിരുന്നു   ആ കാത്തിരിപ്പിന്റെ തുടക്കം,
അന്നും, ഇളം മഞ്ഞിനെ തള്ളി മാറ്റി പ്രഭാതസൂര്യന്റെ പൊന്കിരണങ്ങള്‍ ; പുല്ചെടിത്തുമ്പില്‍ നൃത്തം ചെയ്യുന്ന ഹിമകണങ്ങളുടെ കവിളില്‍ മുത്തം നല്‍കാന്‍  വന്നിരുന്നു... അരയാല്‍ മരത്തിന്റെ കൊമ്പുകളില്‍ വെണ്പ്രാവുകള്‍ തൂവല്‍ കോതിയൊതുക്കിയിരുന്നു... വൃശ്ചികമാസത്തിന്റെ തണുത്ത കാറ്റ്, വിരിഞ്ഞു നിന്ന പനിനീര്‍പ്പൂക്കളുടെ സുഗന്ധവും കവര്‍ന്നെടുത്ത് അകന്നു പോയി....
അയ്യാള്‍ തന്റെ കുടയും മണ്ണിലൂന്നി, എന്നും കാണാറുള്ള ശലഭങ്ങളോട് കിന്നരിച്ചും, കാറ്റില്‍ പറക്കുന്ന കരിയിലകളോട് കലഹിച്ചും ആ വഴിയിലൂടെ നടന്നു നീങ്ങി...
മഞ്ഞില്‍ നനഞ്ഞ മണ്ണില്‍ പാദം സ്പര്‍ശിക്കുമ്പോള്‍ ദേഹത്തെ പുല്‍കുന്ന കുളിരിനെ ആസ്വദിച്ചു സാവധാനം നടന്നു...... അല്‍പ ദൂരം പിന്നിട്ടപ്പോള്‍ കാല്‍ വിരലുകള്‍ക്കിടയില്‍ പതിവിലും തണുപ്പ്, അയ്യാള്‍ നോക്കി .. പൂഴിയില്‍ പുതഞ്ഞു കിടന്നൊരു സ്വര്‍ണ്ണ കൊലുസിന്റെ ചെറിയ മണി... കൌതുകത്തോടെ അയ്യാളതെടുത്തു , കാതിനോട് ചേര്‍ത്ത് മെല്ലെ കിലുക്കി, ആ കിലുക്കതോടൊപ്പം.... അങ്ങകലെ നടന്നു മറയുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെ നിഴല്‍ രൂപം അവ്യക്തമായി കണ്ടു.... ആ പെണ്‍കുട്ടിയുടെ പാദസരത്തില്‍ നിന്നൂര്‍ന്നു വീണതാകണം, ഈ കനക മണി..... അയ്യാളുടെ മുഖത്തൊരു മന്ദഹാസം പരന്നു... ഒന്നിനും വേണ്ടിയല്ല... വെറുതെ ഒരു മന്ദഹാസം.... വിരലുകള്‍ക്കിടയില്‍ ആ മുത്തുമണി തിരുകി, വഴിയോരത്തെ മര ബെഞ്ചുകളും താണ്ടി വീണ്ടും അയ്യാള്‍ നടന്നു...ഒരു ദിവസം കഴിഞ്ഞു.......

പിറ്റേ ദിവസം അയാള്‍ പ്രഭാതസവാരി നേരത്തെയാക്കി... ആ കൊലുസിന്റെ മണി , തിരിച്ചേല്പ്പിക്കാനാകണം... അന്നെത്ര നടന്നിട്ടും അവളെ കണ്ടിരുന്നില്ല... ദിവസങ്ങള്‍ കടന്നു പോയി... തന്റെ കയ്യിലിരുന്ന ആ കൊലുസ് മണിയെ അയ്യാള്‍ പ്രണയിച്ചു.... അനുദിനം ആ പ്രണയം വളര്‍ന്നു...  ഇതിനിടെ പലപ്പോഴും ദൂരെ നിന്ന് ആ കുട്ടിയെ അവ്യക്തമായി അയ്യാള്‍ കാണും.... പക്ഷെ പെട്ടെന്ന് കണ്ണില്‍ നിന്ന്  മറയും... ഒരിക്കല്‍ ഇത് പോലെ അവ്യക്തമായി കണ്ടപ്പോള്‍ ആ പെണ്‍കുട്ടിയുടെ കൂടെ  മറ്റാരോകൂടിയുണ്ടായിരുന്നു .... അവ്യക്തമായിരുന്നു.... എങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ , സുപ്രഭാതങ്ങളിലും സായാഹ്നങ്ങളിലും ആ പുതിയ മറ്റൊരാളുടെ നിഴല്‍ ആ പെണ്‍കുട്ടിയുടെ കൂടെ കണ്ടതില്‍ അയ്യാള്‍ അസ്വസ്ഥനായി...... എന്തിനെന്നറിയിലല്ല ... എങ്കിലും...... ആ അസ്വസ്ഥതയും അയ്യാളില്‍ പുഞ്ചിരി വിരിയിച്ചിരുന്നു..... പക്ഷെ ആ കൊലുസ് മണി അയാള്‍ വീണ്ടും സ്നേഹത്തോടെ നെഞ്ചില്‍ ചേര്‍ത്തു......  ഇന്നും അയ്യാള്‍ ആ വഴിയരികില്‍ കാത്തു നില്‍ക്കുന്നു... നരച്ച താടിയും തടവി..... പോറി മങ്ങിയ കണ്ണടയും വച്ച്.... കൊലുസ് മണിയുടെ ഉടമസ്ഥയെ തേടി..... അത് തിരികെ കൊടുക്കണോ വേണ്ടയോ എന്നറിയാതെ........ ഇതൊന്നുമറിയാതെ കൊലുസ് മണി അയ്യാളുടെ നെഞ്ചിന്റെ ഇളം ചൂടേറ്റു മയങ്ങുന്നു.......!!

ചിന്തകള്‍ക്കപ്പുറം ഒരു കടലിരമ്പുന്നു.

ചിന്തകള്‍ക്കും അപ്പുറം ഒരു കടലിരമ്പുന്നു..... അനിര്‍വചനീയമായ കുറ്റബോധത്തിന്റെ കടല്‍ ... എന്തിനായിരുന്നു ഇളം നീലചുരിദാറിട്ട ആ പെണ്‍കുട്ടിയോട് ഞാന്‍ പേരു ചോദിച്ചത്, എന്തിനായിരുന്നു പേരു പറയാന്‍  തുനിഞ്ഞപ്പോഴേക്കും അവളെ ആ കറുത്ത കാര്‍ ഇടിച്ചു തെറിപ്പിച്ചത്?! രക്തത്തില്‍ കുളിച്ചു കിടന്ന അവളെന്നെ ദയനീയതയോടെ നോക്കി സഹായമാഭ്യര്‍ഥിച്ചിട്ടും, ഞാനത് വക വയ്ക്കാതെ ബീവറെജിലേക്ക് ഓടിയത് എന്തിനായിരുന്നിരിക്കാം?! ഇല്ല ഓര്‍മ്മ കിട്ടുന്നില്ല.... ചിന്തകല്‍ക്കപ്പുറം ആ കടല്‍ ഇരമ്പുകയാണ്.... ഇരമ്പുകയാണ്.... ഇര......