എന്തിനായിരിക്കാം പോറി മങ്ങിയ കണ്ണടയും വച്ച്, നരച്ച താടിയും തടവി അയ്യാള് ആ വഴിയിലേക്ക് തന്നെ നോക്കിയിരിക്കുന്നത്?!!....
ആ കണ്ണുകളില്‍ ഇപ്പോഴും പ്രതീക്ഷയുടെ തിളക്കമുണ്ട്... കാത്തിരിപ്പിന്റെ ക്ഷീണമുണ്ട്, ആശാഭംഗത്തിന്റെ അസഹ്യതയുണ്ട്, നേര്‍ത്ത നൂലില്‍ കോര്‍ത്ത വിരഹമുണ്ട്............
ഇടവിട്ട് ചിമ്മുന്ന ആ മിഴികള്‍ എന്നോട് കഥ പറയുന്ന പോലെ തോന്നി :
ഒരു പ്രഭാതസവാരിയില്‍ ആയിരുന്നു ആ കാത്തിരിപ്പിന്റെ തുടക്കം,
അന്നും, ഇളം മഞ്ഞിനെ തള്ളി മാറ്റി പ്രഭാതസൂര്യന്റെ പൊന്കിരണങ്ങള് ; പുല്ചെടിത്തുമ്പില് നൃത്തം ചെയ്യുന്ന ഹിമകണങ്ങളുടെ കവിളില്‍ മുത്തം നല്കാന് വന്നിരുന്നു... അരയാല്‍ മരത്തിന്റെ കൊമ്പുകളില്‍ വെണ്പ്രാവുകള് തൂവല്‍ കോതിയൊതുക്കിയിരുന്നു... വൃശ്ചികമാസത്തിന്റെ തണുത്ത കാറ്റ്, വിരിഞ്ഞു നിന്ന പനിനീര്‍പ്പൂക്കളുടെ സുഗന്ധവും കവര്‍ന്നെടുത്ത് അകന്നു പോയി....
അയ്യാള് തന്റെ കുടയും മണ്ണിലൂന്നി, എന്നും കാണാറുള്ള ശലഭങ്ങളോട് കിന്നരിച്ചും, കാറ്റില്‍ പറക്കുന്ന കരിയിലകളോട് കലഹിച്ചും ആ വഴിയിലൂടെ നടന്നു നീങ്ങി...
മഞ്ഞില്‍ നനഞ്ഞ മണ്ണില്‍ പാദം സ്പര്‍ശിക്കുമ്പോള്‍ ദേഹത്തെ പുല്കുന്ന കുളിരിനെ ആസ്വദിച്ചു സാവധാനം നടന്നു...... അല്പ ദൂരം പിന്നിട്ടപ്പോള്‍ കാല് വിരലുകള്‍ക്കിടയില്‍ പതിവിലും തണുപ്പ്, അയ്യാള് നോക്കി .. പൂഴിയില്‍ പുതഞ്ഞു കിടന്നൊരു സ്വര്‍ണ്ണ കൊലുസിന്റെ ചെറിയ മണി... കൌതുകത്തോടെ അയ്യാളതെടുത്തു , കാതിനോട് ചേര്‍ത്ത് മെല്ലെ കിലുക്കി, ആ കിലുക്കതോടൊപ്പം.... അങ്ങകലെ നടന്നു മറയുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെ നിഴല്‍ രൂപം അവ്യക്തമായി കണ്ടു.... ആ പെണ്‍കുട്ടിയുടെ പാദസരത്തില്‍ നിന്നൂര്‍ന്നു വീണതാകണം, ഈ കനക മണി..... അയ്യാളുടെ മുഖത്തൊരു മന്ദഹാസം പരന്നു... ഒന്നിനും വേണ്ടിയല്ല... വെറുതെ ഒരു മന്ദഹാസം.... വിരലുകള്‍ക്കിടയില്‍ ആ മുത്തുമണി തിരുകി, വഴിയോരത്തെ മര ബെഞ്ചുകളും താണ്ടി വീണ്ടും അയ്യാള് നടന്നു...ഒരു ദിവസം കഴിഞ്ഞു.......
പിറ്റേ ദിവസം അയാള്‍ പ്രഭാതസവാരി നേരത്തെയാക്കി... ആ കൊലുസിന്റെ മണി , തിരിച്ചേല്പ്പിക്കാനാകണം... അന്നെത്ര നടന്നിട്ടും അവളെ കണ്ടിരുന്നില്ല... ദിവസങ്ങള്‍ കടന്നു പോയി... തന്റെ കയ്യിലിരുന്ന ആ കൊലുസ് മണിയെ അയ്യാള് പ്രണയിച്ചു.... അനുദിനം ആ പ്രണയം വളര്‍ന്നു... ഇതിനിടെ പലപ്പോഴും ദൂരെ നിന്ന് ആ കുട്ടിയെ അവ്യക്തമായി അയ്യാള് കാണും.... പക്ഷെ പെട്ടെന്ന് കണ്ണില്‍ നിന്ന് മറയും... ഒരിക്കല്‍ ഇത് പോലെ അവ്യക്തമായി കണ്ടപ്പോള്‍ ആ പെണ്‍കുട്ടിയുടെ കൂടെ മറ്റാരോകൂടിയുണ്ടായിരുന്നു .... അവ്യക്തമായിരുന്നു.... എങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ , സുപ്രഭാതങ്ങളിലും സായാഹ്നങ്ങളിലും ആ പുതിയ മറ്റൊരാളുടെ നിഴല്‍ ആ പെണ്‍കുട്ടിയുടെ കൂടെ കണ്ടതില്‍ അയ്യാള് അസ്വസ്ഥനായി...... എന്തിനെന്നറിയിലല്ല ... എങ്കിലും...... ആ അസ്വസ്ഥതയും അയ്യാളില്‍ പുഞ്ചിരി വിരിയിച്ചിരുന്നു..... പക്ഷെ ആ കൊലുസ് മണി അയാള്‍ വീണ്ടും സ്നേഹത്തോടെ നെഞ്ചില്‍ ചേര്‍ത്തു...... ഇന്നും അയ്യാള് ആ വഴിയരികില്‍ കാത്തു നില്ക്കുന്നു... നരച്ച താടിയും തടവി..... പോറി മങ്ങിയ കണ്ണടയും വച്ച്.... കൊലുസ് മണിയുടെ ഉടമസ്ഥയെ തേടി..... അത് തിരികെ കൊടുക്കണോ വേണ്ടയോ എന്നറിയാതെ........ ഇതൊന്നുമറിയാതെ കൊലുസ് മണി അയ്യാളുടെ നെഞ്ചിന്റെ ഇളം ചൂടേറ്റു മയങ്ങുന്നു.......!!
Good work I like it
മറുപടിഇല്ലാതാക്കൂ